District News
സുല്ത്താന്ബത്തേരി: കാലാവസ്ഥയിലെ അസാധാരണ മാറ്റം ജില്ലയില് കാര്ഷികമേഖലയെ ആശങ്കയിലാക്കുന്നു. കാലവര്ഷം ദുര്ബലമാകുകയും ചിങ്ങത്തില് കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നത് കാപ്പി, കുരുമുളക് ഉള്പ്പെടെ നാണ്യവിളകള്ക്കും ഇഞ്ചി, ചേന തുടങ്ങിയ കിഴങ്ങുവര്ഗങ്ങള്ക്കും നെല്കൃഷിക്കും തിരിച്ചടിയായി.
താലൂക്കില് മഴ കുറഞ്ഞ പ്രദേശങ്ങളിലെ കര്ഷകര് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
രണ്ടാംഘട്ട വളസേചനം നടത്തേണ്ട സമയം മഴ ലഭിക്കാത്തത് നെല്കര്ഷകരെ ദുരിതത്തിലാക്കി.
കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളം പാടങ്ങളില് ഇല്ല. വിളവെടുപ്പിന് മാസങ്ങള് മാത്രം ശേഷിക്കെ കാപ്പിയും കുരുമുളകും പാകമാകാന് ആവശ്യമായ മഴ ലഭിക്കാത്ത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുമെന്ന് ആകുലതയിലാണ് കൃഷിക്കാര്. കവുങ്ങിന്തോട്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മഴയുടെ കുറവുമൂലം പല തോട്ടങ്ങളിലും അടയ്ക്കാപ്പൂങ്കുലകള് ഉണങ്ങിവീഴുകയാണ്.
സാധാരണ സെപ്റ്റംബര്, ഒക്ടോബര് മാസങ്ങളില് കാപ്പി, കുരുമുളക്, കവുങ്ങ് തോട്ടങ്ങള് പാട്ടത്തിനെടുക്കുന്ന മൊത്തക്കച്ചവടക്കാര് ഇത്തവണ തോട്ടങ്ങള് ഏറ്റെടുക്കാന് തയാറാകാത്തത് കര്ഷകരുടെ വാര്ഷികവരുമാനത്തെ ബാധിച്ചു. ദൈനംദിന ചെലവിനും മറ്റ് ആവശ്യങ്ങള്ക്കും പണം കണ്ടെത്തിയിരുന്നത് ഇത്തരം പാട്ടത്തിലൂടെയായിരുന്നു.
നെല്പാടങ്ങള് വിണ്ടുകീറുന്നു
ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് നെല്കര്ഷകരുടെ പ്രധാന പ്രതിസന്ധി. ജില്ലയില് ഭൂരിഭാഗം പാടശേഖരങ്ങളിലും ജലസേചന സൗകര്യം പരിമിതമാണ്. മഴ തുടര്ന്നും ലഭിച്ചില്ലെങ്കില് വിളവെടുപ്പിന് പാകമാകേണ്ട നെല്ല് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കര്ഷകരുടെ ആശങ്ക. പല പ്രദേശങ്ങളിലും നെല്വയലുകള് ഇതിനകം വിണ്ടുകീറിത്തുടങ്ങി. പതിവിലും ഇരട്ടിയോളം മുതല്മുടക്കിലാണ് ഇത്തവണ പലരും നെല്കൃഷിയിറക്കിയത്. പാടങ്ങളില് ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്ത്തനം ഏകോപിപ്പിക്കണെന്ന ആവശ്യം ശക്തമാണ്.
ക്ഷീരമേഖലയില് വരുമാനം കുറഞ്ഞു
കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങള് ക്ഷീര മേഖലയിലും പ്രകടമാണ്. ക്ഷീരവൃത്തിയില്നിന്നുള്ള വരുമാനവും കുറഞ്ഞതായി കര്ഷകര് പറയുന്നു. ക്ഷീരവൃത്തി മുഖ്യ ഉപജീവനമാര്ഗമായി സ്വീകരിച്ചവര് താലൂക്കില് നിരവധിയാണ്. കാര്ഷിക, ക്ഷീര മേഖലകള് ഒരേസമയം പ്രതിസന്ധിയിലായത് ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്ക്കുകയാണ്
ഇഞ്ചി കൃഷിയില് പ്രതിസന്ധി രൂക്ഷം
ഇഞ്ചി കൃഷിയിലും പ്രതിസന്ധി രൂക്ഷമാണ്. ഫംഗസ് ബാധയെത്തുടര്ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്ഷകര് പറയുന്നു. വാഴ കൃഷിയിലും സ്ഥിതി മെച്ചമല്ല. രോഗബാധയ്ക്കു പുറമേ വിലയിടിവും കര്ഷകരെ പിന്നോട്ടടിപ്പിക്കുന്നു. നേന്ത്രവാഴയ്ക്ക് താങ്ങുവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കര്ഷക സംഘടനകള് പലതവണ സര്ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മായിപ്പാലത്തെ പഴം-പച്ചക്കറി സംസ്കരണ യൂണിറ്റിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള് ഉപയോഗശൂന്യമായി നശിക്കുമ്പോഴും കര്ഷകര് ഉത്പാദിപ്പിക്കുന്ന കാര്ഷികോത്പന്നങ്ങള് സംഭരിക്കാനും വിപണനം ഉറപ്പാക്കാനും ഫലപ്രദമായ സര്ക്കാര് ഇടപെടല് ഉണ്ടാകുന്നില്ല.
കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണം
ചീരാല്: കാലാവസ്ഥാവ്യതിയാനവും ഉത്പാദനച്ചെലവിലെ വര്ധനവും ക്ഷീരമേഖലയില് പ്രതിസന്ധി രൂക്ഷക്കുന്ന സാഹചര്യത്തില് കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണം. വ്യാവസായികാടിസ്ഥാനത്തില് പുല്കൃഷി പ്രോത്സാഹിപ്പിക്കണം. വേനല് കടുക്കുന്നതോടെ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്നത് പാല് ഉത്പാദനത്തെ ബാധിക്കുകയാണ്. പച്ചപ്പുല്ല് ലഭിക്കുന്ന കാലത്ത് ചെലവ് കുറച്ചെങ്കിലും നിയന്ത്രിക്കാന് കഴിയുമായിരുന്നു. പുറത്തുനിന്ന് തീറ്റ വാങ്ങേണ്ടിവരുന്നതിനാല് ചെലവ് വലിയ തോതില് വര്ധിക്കുകയാണ്. പാലിന്റെ വിലയ്ക്കനുസരിച്ച് നിയന്ത്രിക്കാന് കഴിയുന്നതല്ല ഉത്പാദനച്ചെലവ്. ക്ഷീരമേഖലയെ സംരക്ഷിക്കാന് സര്ക്കാര്തലത്തില് ദീര്ഘകാല പദ്ധതികള് നടപ്പാക്കണം.
എ.പി. ഷാജി നമ്പ്യാര്കുന്ന് (ക്ഷീരകര്ഷകന്).
വയലുകളില് ജലസേചന സൗകര്യം ഒരുക്കണം
ജില്ലയിലെ മുഴുവന് പാടങ്ങളിലും ജലസേചനത്തിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില് സര്ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രത്യേക ശ്രദ്ധ പതിയണം. കളനീക്കത്തിനും വളപ്രയോഗത്തിനും ആവശ്യമായ വെള്ളത്തിന്റെ അഭാവത്തില് ജില്ലയില് നൂറുകണക്കിന് ഏക്കര് പാടത്ത് നെല്കൃഷി പ്രതിസന്ധിയിലാണ്. മഴയെ മാത്രം ആശ്രയിച്ച് നെല്കൃഷി മുമ്പോട്ട് കൊണ്ടുപോകാനാകില്ല.
കെ.വി. അരുണ്, നെല്കര്ഷകന്, മാതമംഗലം
സര്ക്കാരിന്റെ അടിയന്തര ഇടപെടല് ഉണ്ടാകണം
കര്ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം. കാലവര്ഷത്തിന്റെ അളവില് വന് കുറവുണ്ടായതോടെ വയനാട് വരള്ച്ചാഭീഷണിയിലാണ്. മഴക്കുറവ് കാര്ഷിക മേഖലയെ ബാധിച്ചു. വിളകളുടെ ഉത്പാദനത്തില് ഉണ്ടാകുന്ന കുറവ് കര്ഷകരുടെ ഉപജീവനം കടുത്ത പ്രതിസന്ധിയിലാക്കും. പലേടത്തും പാടങ്ങള് ഉണങ്ങി കൃഷി നശിക്കുകയാണ്.കുടിവെള്ള ലഭ്യതയിലും സ്ഥിതി ആശങ്കാജനകമാണ്.
എ.സി. തോമസ്, ചെയര്മാന് ഫാര്മേഴ്സ് റിലീഫ് ഫോറം വയനാട്
District News
മാനന്തവാടി: ഈ വര്ഷം ജൂലൈ ഒന്ന് മുതല് ഓഗസ്റ്റ് ഏഴ് വരെ ലഭിച്ച കണക്കുകള് പ്രകാരം കാലവര്ഷത്തില് ജില്ലയില് കൃഷി നാശനഷ്ടം 15.41കോടി രൂപയാണ്.
ഏറ്റവും കൂടുതല് നഷ്ടം കണക്കാക്കിയിരിക്കുന്നത് മാനന്തവാടി ബ്ലോക്കിന് കീഴിലാണ്. 834 കര്ഷകരുടെ 88.6 ഹെക്ടര് സ്ഥലത്തെ കൃഷി കാറ്റിലും മഴയിലും നശിച്ചപ്പോള് പ്രാഥമിക വിലയിരുത്തലില് 11.93 കോടി രൂപയാണ് നഷ്ടം. കല്പ്പറ്റയില് 303 കര്ഷകരുടെ 17.12 ഹെക്ടര് സ്ഥലത്ത് നാശനഷ്ടമുണ്ടായപ്പോള് 2.48 കോടി രൂപ നഷ്ടവും പനമരം ബ്ലോക്കില് 37 കര്ഷകരുടെ 4.2 ഹെക്ടര് സ്ഥലത്ത് കൃഷി നാശമുണ്ടായപ്പോള് 53.95 ലക്ഷം രൂപയുടെ നാശനഷ്ടവും ബത്തേരി ബ്ലോക്കില് 40 കര്ഷകരുടെ 45.6 ലക്ഷം രൂപയുടെ കൃഷി നാശവുമാണ് സംഭവിച്ചത്.
കാലവര്ഷം ശക്തമാകുമ്പോള് വയനാട്ടില് ഏറ്റവും വലിയ നഷ്ടക്കണക്കുകള് സംഭവിക്കുന്നത് വാഴ കര്ഷകര്ക്കാണ്. 92.16 ഹെക്ടര് സ്ഥലത്തെ കുലച്ച വാഴയും 38.88 ഹെക്ടര് സ്ഥലത്തെ കുലയ്ക്കാത്ത വാഴകളുമാണ് കാറ്റില് നിലം പൊത്തിയത്. കിഴങ്ങ് വിളകള്, ഏലം, തെങ്ങ്, കപ്പ, പച്ചക്കറികള്, പഴവര്ഗങ്ങള്, കുരുമുളക് എന്നിവക്കും നാശമുണ്ടായി. കര്ഷകര്ക്ക് ആശ്വാസകരമായ നടപടികള് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.
District News
തൃശൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ കോടികളുടെ നാശനഷ്ടം. കെ എസ്ഇബിക്ക് 2.23 കോടിയുടെയും കാർഷിക മേഖലയ്ക്ക് 28.35 ലക്ഷം രൂപയുടെയും നഷ്ടം രേഖപ്പെടുത്തി. പൊതുമരാമത്തു റോഡുകളിൽ 3.31 ലക്ഷത്തിന്റെ കേടുപാടുണ്ടായി. എട്ടു വീടുകൾ പൂർണമായും 108 വീടുകൾ ഭാഗികമായും തകർന്നു. മഴ ആരംഭിച്ചശേഷം വിവിധ അപകടങ്ങളിൽ 13 പേർ മരിച്ചു. ജൂണ് നാലുമുതൽ ഇന്നുവരെ ജില്ലയിൽ 1211.39 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
വിവിധ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് 58 പേരെ മാറ്റിപ്പാർപ്പിച്ചു. ചാലക്കുടി, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലായി അഞ്ചു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 17 കുടുംബങ്ങളിലെ 19 പുരുഷന്മാരും 28 സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടുന്നു. മഴ കനത്തതോടെ പൂമല, പെരിങ്ങൽകുത്ത് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കേരള ഷോളയാർ ഡാം, പീച്ചി, ചിമ്മിനി, വാഴാനി, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടില്ല.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽനിന്ന് സുരക്ഷിതയിടങ്ങളിലേക്കു മാറണം. ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറിത്താമസിക്കാൻ തദ്ദേശ സ്ഥാപന- റവന്യു അധികൃതരുമായി ബന്ധപ്പെടണം. ജലാശയങ്ങൾക്കുമുകളിലുള്ള പാലങ്ങളിൽ കൂട്ടംകൂടി നിൽക്കുകയോ സെൽഫിയെടുക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 54 പേർ
തൃശൂർ: ജില്ലയിൽ വവിധയിടങ്ങളിലായുള്ള അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 20 കുടുംബങ്ങളിലെ 54 പേർ താമസിക്കുന്നതായി അധികൃതർ അറിയിച്ചു.
മുപ്ലിയം വില്ലേജിലെ പുലരി അങ്കണവാടിയിൽ രണ്ടുപേർ, നെല്ലായി ജെയുപിഎസിലെ ക്യാമ്പിൽ 13 കുടുംബങ്ങളിലായി 36 പേർ, കെഎസ്യുപിഎസ് തൊട്ടിപ്പാൾ ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേർ, ഇരിങ്ങാലക്കുട വില്ലേജിലെ പകൽ വീട് (ജവഹർ നഗർ) ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലായി അഞ്ചുപേർ, ജിഎൽപിഎസ് കുറുമ്പിലാവ് ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി എട്ടുപേരുമാണു താമസിക്കുന്നത്. മൊത്തം 21 പുരുഷന്മാർ, 25 സ്ത്രീകൾ, എട്ടു കുട്ടികൾ, 16 മുതിർന്ന പൗരന്മാർ, ഒരു ഗർഭിണി എന്നിങ്ങനെയാണു ക്യാന്പിലുള്ളത്.
District News
കൊക്കയാർ: തോട്ടം തൊഴിലാളികൾക്കും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകി വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് സിറിയക് തോമസ് എംഎൽഎ. യുഡിഎഫ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസന രംഗത്ത് കൊക്കയാർ മുന്നേറേണ്ടതുണ്ട്. ടൂറിസം രംഗത്ത് വലിയ പദ്ധതികൾ കൊക്കയാറ്റിൽ നടപ്പിലാക്കണമെന്നും രാഷ്ട്രീയത്തിനധീതമായി വികസനമാണ് ലക്ഷ്യമെന്നും സിറിയക് തോമസ് എംഎൽഎ കൂട്ടിച്ചേർത്തു.
ചെയർമാൻ സണ്ണി ജോർജ് അധ്യക്ഷത വഹിച്ചു. സണ്ണി ആന്റണി, ടോണി തോമസ്, മിനി സാബു, സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ഇ.വി. തങ്കപ്പൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, കെ.എൽ. ദാനിയേൽ, സിജോ ഉള്ളാട്ട്, സ്വർണലത അപ്പുകുട്ടൻ, രജനി രാജൻ, സ്റ്റാൻലി സണ്ണി, ബെന്നി കദളികാട്ടിൽ എന്നിവർ പ്രസംഗിച്ചു.
District News
നേമം: വനിതകളെ കാര്ഷിക മേഖലയിലേക്ക് ആകര്ഷിക്കാനും പുതുതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാനും സര്ക്കാര് നൂതന പദ്ധതി തയാറാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്.
കര്ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും സംസ്ഥാനതല ഉദ് ഘാടനം കല്ലിയൂര് പഞ്ചായത്തി ല് നിര്വഹിക്കുകയായിരുന്നു മന്ത്രി ടി. സിദ്ദിഖ്. പരിപാടിക്ക് മുമ്പ് കല്ലിയൂര് പഞ്ചായത്തിലെ ഉപനിയൂര് പാടശേഖരത്തില് നേമം യുപി സ്കൂളിലെ കുട്ടികളോടൊപ്പം ഞാറ് നട്ടു. തലയില് പാളതൊപ്പിയണിഞ്ഞ് കൈലിയും തോര്ത്തും ധരിച്ചു മന്ത്രി പാടത്തിറങ്ങിയതോടെ നാട്ടുകാര്ക്കും ഉത്സാഹമായി.
തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി വിളവിറക്കാന് വിത്ത് എത്തിയത് അമ്പൂരി പുരവിമലയില് നിന്നാ യിരുന്നു പരമ്പരാഗത കൃഷി രീതികളോടെ കാട്ടുമൂപ്പനും കര്ഷകരും കടമ്പന് മൂപ്പനും കാട്ടില് വിളയിച്ചെടുത്ത തനത് വിത്തിനങ്ങളുമായാണു കല്ലിയൂരിലേയ്ക്ക് കതിര് യാത്രയായി എത്തിയത്.
എം. വിന്സന്റ് എംഎല്എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദര്ശിനി, കൃഷിവകുപ്പ് ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന്, ജില്ല പഞ്ചായത്ത് അംഗം ആഗ്നസ് റാണി, നേമം ബ്ലോക്ക് പ്രസിഡന്റ് പി.ഷണ്മുഖം, കല്ലിയൂര് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ, വൈസ് പ്രസിഡന്റ് കാക്കമൂല ബിജു, പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ജയകു മാര്, സാജു, മിനി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
District News
പാലക്കാട്: പത്തുവർഷത്തിനുശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജില്ലയുടെ നേട്ടത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണം.
വലിയ വികസന പ്രതീക്ഷകളായിരുന്നു പാലക്കാട് ജില്ലയ്ക്കുണ്ടായിരുന്നത്. എന്നാൽ മറ്റു ജില്ലകൾക്ക് നിരവധി പദ്ധതികളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചപ്പോൾ പാലക്കാടിനു പേരിനുമാത്രം പദ്ധതികളാണ് ലഭിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മണ്ണാർക്കാട് ജയിലിന്റെ നിർമാണവും വികസനവും മുൻഗണനാക്രമത്തിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ചാലിശേരി സിഎച്ച്സി യുടെ പുതിയ കെട്ടിട നിർമാണത്തിനായി രണ്ടുകോടി രൂപ, തൃത്താല മണ്ഡലത്തിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാദമിക്ക് 50 ലക്ഷം രൂപ എന്നിവയും വകയിരുത്തിയതൊഴിച്ചാൽ ജില്ലയെ കേന്ദ്രീകരിച്ചുള്ള മറ്റ് പ്രധാന പദ്ധതികളൊന്നും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടില്ല.
വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ജലസേചനം, ഗതാഗതം തുടങ്ങിയ മേഖലകളിലും പാലക്കാടിന് പ്രത്യേക പരിഗണന ലഭിച്ചില്ലെന്ന പരാതിയാണുയരുന്നത്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് കാർഷിക മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട് പാക്കേജിന് സമാനമായി ജില്ലക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കർഷകർ വർഷങ്ങളായി ഉന്നയിച്ചുവരികയാണ്. നെല്ലുസംഭരണത്തിലെ കാലതാമസം, പണം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉത്പാദനച്ചെലവിലെ വർധന എന്നിവ മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിലും ഇടത് സർക്കാരിന്റേതുപോലെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശയുണ്ടാക്കി.
നെല്ലുസംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംഭരണവില കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് ഏക ആശ്വാസമായി കർഷകർ വിലയിരുത്തുന്നത്. വന്യമൃഗശല്യം നിയന്ത്രിക്കാൻ കൂടുതൽ പണം വകയിരുത്തിയത് ആശ്വാസകരമാണ്. നാളികേരത്തിന് സർക്കാർതലത്തിൽ പുതിയ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും ജില്ലയിലെ കേരകർഷകർക്കു പ്രതീക്ഷ നൽകുന്നുണ്ട്.
കൃഷി മേഖലയിലെ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വനിതാ കർഷക വികസനപദ്ധതി നടപ്പാക്കുമെന്നും വനിതകളുടെ നേതൃത്വത്തിലുള്ള കാർഷിക സംരംഭങ്ങൾക്കും കർഷക കൂട്ടായ്മകൾക്കും പ്രോത്സാഹനം നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത ഡ്രോണുകൾ, ഐഒടി സാങ്കേതികവിദ്യകൾ, നൂതന കാർഷിക ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം വ്യാപിപ്പിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കനുള്ള ശേഷി ശക്തിപ്പെടുത്താനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമുള്ള പദ്ധതികൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇവയുടെ പൊതുവായ ഗുണം ജില്ലയ്ക്ക് ലഭിക്കുമെന്ന നേട്ടമാണുള്ളത്.
റബർകർഷകർക്ക് ആശ്വാസമായി റബർ പ്രൊഡക്്ഷൻ ഇൻസന്റീവ് സ്കീമിന്റെ ഭാഗമായി താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തിയതും ശ്രദ്ധേയമാണ്.
ജില്ലയിലെ റബർ കർഷകർക്ക് പ്രത്യേകിച്ച് മലയോരമേഖലയ്ക്ക് ഇതു ഗുണകരമാകും. എന്നാൽ പാലക്കാടിന്റെ അടിസ്ഥാന സൗകര്യ വികസനമേഖലകളിൽ ഏറെക്കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾക്ക് പരിഗണന നൽകാൻ ബജറ്റിന് കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്.
Business
കാത്തിരിപ്പുകൾക്ക് ഒടുവിൽ കാലവർഷം കനിഞ്ഞു, കാർഷിക മേഖല മഴയുടെ വരവ് ഉത്സവമാക്കാനുള്ള ഒരുക്കത്തിൽ. റെയിൽ ഗാർഡ് ഇട്ട തോട്ടങ്ങളിൽ റബർ വെട്ടിന് ഉത്പാദകർ ഉത്സാഹിച്ചു.
നാളികേര കർഷകര ഞെട്ടിച്ച് കൊപ്ര വില വീണ്ടും ഇടിഞ്ഞു. അന്തർസംസ്ഥാന സുഗന്ധവ്യഞ്ജന വാങ്ങലുകാർ കുരുമുളകിനെ തളർത്താനുള്ള ശ്രമം തുടരുന്നു, ഉത്പാദന മേഖല ചരക്ക് നീക്കത്തിൽ നിയന്ത്രണം വരുത്തി.
പതിവ് തെറ്റിച്ച് മൺസൂൺ മഴമേഘങ്ങൾ അല്പം വൈകി കേരളത്തിലേക്ക് പ്രവേശിച്ചു. റബർ ഉയർന്ന നിലവാരത്തിൽ നീങ്ങുന്നതിനാൽ ടാപ്പിംഗിനു ചെറുകിട കർഷകർ പുലർച്ചെതന്നെ തോട്ടങ്ങളിൽ ഇടംപിടിക്കുന്നുണ്ട്.
പല വൻകിട തോട്ടങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ വരവിനായി കാത്തുനിൽക്കുന്നതിനാൽ റെയിൻ ഗാർഡുകൾ മരങ്ങളിൽ ഇനിയും ഘടിപ്പിച്ചിട്ടില്ല. തൊഴിലാളികൾ ഉയർന്ന കൂലിക്കുവേണ്ടി ശ്രമം നടത്തുന്നത് തോട്ടം മേഖലയിൽ ആശങ്ക പരത്തുന്നു. റബർ ഉത്പാദനം ഉയർന്നില്ലെങ്കിൽ അത് വ്യവസായികൾക്കും കനത്ത തിരിച്ചടിയാവും. എന്നാൽ, ഈ വസ്തുത അവർ മറച്ചുപിടിച്ച് വിലക്കയറ്റത്തിനു തടയിടാൻ ശ്രമം നടത്തുകയാണ്.
സംസ്ഥാനത്ത് പകൽ താപനിലയിൽ മാറ്റം കണ്ടുതുടങ്ങിയതിനാൽ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ഉയരുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ റബർ വെട്ട് വരും ദിനങ്ങളിൽ സജീവമാകും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ വിപണിയിലെ ഷീറ്റ് ക്ഷാമം മാസത്തിന്റെ രണ്ടാം പകുതിയിൽ കുറയുമെന്ന നിഗമനത്തിലാണു വ്യാപാരികൾ. കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബർ വില 26,600 രൂപ വരെ ഉയർന്നു.
അതേസമയം, അന്താരാഷ്ട്ര മാർക്കറ്റിൽ റബർ കിലോ 301 രൂപയായി. ബാങ്കോക്കിൽ റബറിന്റെ വിലക്കയറ്റം ഇതര ഉത്പാദക രാജ്യങ്ങളിലെ കർഷകരെ വരും കാലങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുകതന്നെ ചെയ്യും.
വിയറ്റ്നാമും ഐവറി കോസ്റ്റും പശ്ചിമ ആഫ്രിക്കയിലെ മറ്റ് പല രാജ്യങ്ങളും റബർ മാർക്കറ്റിലെ ഉണർവ് കൃഷി വികസിപ്പിക്കാനുള്ള നീക്കങ്ങൾക്ക് അവസരമാക്കാം. റബറിന്റെ വിലക്കയറ്റത്തിനിടിയിൽ ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഊഹക്കച്ചവടക്കാർ വില്പനയ്ക്ക് നീക്കം നടത്തുന്നുണ്ട്. ജാപ്പനീസ് യെന്നിന്റെ വിനിമയ മൂല്യത്തിലെ ഇടിവ് ഒരു പരിധി വരെ റബറിനു കരുത്തു പകരാം.
കുതിപ്പില്ലാതെ നാളികേരോത്പന്നങ്ങൾ
ദക്ഷിണേന്ത്യയിൽ നാളികേരോത്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. അറബ് രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളുടെ അഭാവം മൂലം വൻകിട മില്ലുകാർ കൊപ്ര സംഭരണത്തിൽ വരുത്തിയ കുറവ് വിലത്തകർച്ചയ്ക്ക് ഇടയാക്കി. ഇതിനിടയിൽ ഉത്പാദനം ഉയർന്നതും നാളികേരോത്പന്നങ്ങളുടെ മുന്നേറ്റത്തിനു തടസമായി. കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 18,500 രൂപയായും കൊപ്ര വില 12,350 രൂപയായും കുറഞ്ഞു, കൊച്ചിയിൽ എണ്ണ 23,000 രൂപയിലും കൊപ്ര 13,500 ലുമാണ്.
കുരുമുളക് വിലയിടിച്ച് അന്തർസംസ്ഥാന വ്യാപാരികൾ
അന്തർസംസ്ഥാന വ്യാപാരികൾ വിലയിടിച്ച് കുരുമുളക് കൈക്കലാക്കാനുള്ള ശ്രമം തുടരുന്നു. വിപണിയിലെ തളർച്ച കണ്ട് കാർഷിക മേഖല നാടൻ മുളക് വില്പനയിൽനിന്നും വിട്ടുനിൽക്കുന്നതു വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. ഇതിനിടയിൽ ഇറക്കുമതി ചരക്ക് കലർത്തി പലരും ചരക്ക് വിപണിയിൽ ഇറക്കുന്നുണ്ട്.
തൊട്ട് മുൻ വാരത്തെ അപേക്ഷിച്ച് കൊച്ചിയിൽ വരവ് അഞ്ച് ടൺ ഉയർന്നെങ്കിലും വന്നതിൽ ഏറിയ പങ്കും കലർപ്പുള്ളതായാണു വിപണി വൃത്തങ്ങളിൽനിന്നുള്ള സൂചന. എന്നാൽ, ഇക്കാര്യം അവർ പരസ്യമാക്കാതെ ഉത്പാദകരെ ഭീതിയിലാഴ്ത്തി വില്പനയ്ക്ക് പ്രേരിപ്പിക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നു.
ഇതിനിടയിൽ കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധസർക്കാർ സ്ഥാപനം കർഷകരിൽനിന്നും കുരുമുളക് സംഭരണം നടത്തുന്നുണ്ട്. രാജ്യത്ത് കുരുമുളക് ഉത്പാദനം കുറവായതിനാൽ ഉത്സവ സീസണിൽ വില ഉയരുമെന്ന വിലയിരുത്തലാണ് അവരെ ചരക്ക് സംഭരണത്തിനു പ്രേരിപ്പിച്ചത്. ഉത്പാദകർ ഏജൻസിക്കു ചരക്ക് കൈമാറിയാൽ വ്യവസായികൾ വരും മാസങ്ങളിൽ ചരക്ക് ക്ഷാമത്തിന്റെ പിടിയിൽ അകപ്പെടുമെന്നാണു വിപണിയിലെ അരമന രഹസ്യം.
കർഷകർക്ക് ആകർഷകമായ വില ഉറപ്പുവരുത്തുയെന്ന ലക്ഷ്യതോടെയാണ് ഏജൻസി വിപണി ഇടപെടലിനു നീക്കം നടത്തിയത്. ഇതിനിടയിൽ മുഖ്യ വിപണികളിൽ വരവ് പതിവിലും ചുരുങ്ങി, ഉത്സവകാല ഡിമാൻഡിൽ ഉയർന്ന വില ഉറപ്പുവരുത്താനാവുമെന്ന വിശ്വാസത്തിലാണു കാർഷിക മേഖല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ.
District News
പാലാ: മണ്ണും കൃഷിയും മറന്നുള്ളതാവരുത് നാടിന്റെ വികസനമെന്നും കാര്ഷികവിളകളും ഉത്പന്നങ്ങളും സംഭരിക്കുന്നതില് അനാസ്ഥ ഉണ്ടാവരുതെന്നും ഈ രംഗത്ത് സര്ക്കാര് സംവിധാനം കൂടുതല് കാര്യക്ഷമമാവണമെന്നും ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്.
രൂപതയുടെ കര്ഷക ശക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യല് വെല്ഫെയര് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് കൃഷി, വ്യവസായ വകുപ്പുകളുടെ സഹകരണത്തോടെ മുണ്ടുപാലം സ്റ്റീല് ഇന്ത്യ കാമ്പസില് ആരംഭിച്ച പാലാ സാന്തോം ഫുഡ് ഫാക്ടറിയുടെ ഉത്പന്നങ്ങളുടെ പാലനോവ ഫുഡ്സ് എന്ന ബ്രാൻഡ് നെയിം റിലീസിംഗും പാലാ സെന്റ് തോമസ് പ്രസിനു സമീപം കേരള ഗ്രോ സ്റ്റോറിനോടനുബന്ധിച്ചുള്ള സാന്തോം ഫാക്ടറിയുടെ ഔട്ട്ലെറ്റ് ഉദ്ഘാടനവും നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വികാരി ജനറാള് മോണ്. സെബാസ്റ്റ്യന് വേത്താനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല് മാനേജര് പി.എ. നജീബ്, താലൂക്ക് വ്യവസായ ഓഫീസര് വി.ആര്. നിഷാമോള്, പാലാ സോഷ്യല് വെല്ഫെയര് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജോസഫ് വാട്ടപ്പിള്ളില്, മുന് എക്സിക്യൂട്ടീവ് ഡയറക്ടറും സാന്തോം കര്ഷക കമ്പനി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേല്, അസി. ഡയറക്ടര്മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്, ഫാ. ഫ്രാന്സിസ് ഇടത്തിനാല്, ഫാ. മാത്യു പുളിക്കപ്പറമ്പില്, എഫ്പിഒ ഡിവിഷന് മാനേജര് ഡാന്റീസ് കൂനാനിക്കല്, സാന്തോം എഫ്പിസി ചെയര്മാന് സിബി മാത്യു, പ്രോജക്ട് ഓഫീസര് പി.വി. ജോര്ജ് തുടങ്ങിയവര് പ്രസംഗിച്ചു.
കര്ഷകരില്നിന്നു പച്ചക്കപ്പ സംഭരിച്ച് സംസ്കരിച്ച് വിദേശരാജ്യങ്ങളിലേക്ക് അയച്ചുവരുന്നതിന്റെ തുടര്ച്ചയായി വാക്വം ഫ്രൈഡ് ചക്കപ്പഴം ചിപ്സ്, ചക്ക ചിപ്സ്, കപ്പ ചിപ്സ്, മഞ്ഞള്പൊടി, മീറ്റ് മസാല, ചിക്കന് മസാല, സാമ്പാര് പൗഡര്, ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടികള് തുടങ്ങിയ ഉത്പന്നങ്ങളാണ് പാലനോവ ഫുഡ്സ് എന്ന ബ്രാൻഡില് ആദ്യ ഘട്ടത്തില് പുറത്തിറക്കിയത്. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ഉത്പന്നങ്ങളും ഔട്ട്ലെറ്റില് ലഭ്യമാണ്.
District News
അമ്പലപ്പുഴ: സംസ്ഥാനത്തെ കാർഷിക മേഖല തകർത്ത് അനാഥമാക്കിയ ഇടതുപക്ഷ മുന്നണിയെ പരാജയപ്പെടുത്തണമെന്ന് നെൽക്കർഷകരോട് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാനസമിതി യോഗം അഭ്യർഥിച്ചു.
നെൽകർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് നാളുകളായി നടന്നുവരുന്നത്. സബ്സിഡികൾ വിതരണം ചെയ്യുന്നതിൽ അനാവശ്യമായ കാലതാമസം ഉണ്ടാക്കുക, പ്രഖ്യാപിക്കുന്ന സഹായവാഗ്ദാനങ്ങൾ നൽകാതെ മനഃപൂർവം താമസിപ്പിക്കുക, ആവശ്യത്തിനുള്ള യന്ത്രസഹായങ്ങൾ എത്തിക്കാതിരിക്കുക, നെല്ല് സംഭരണത്തെ സംബന്ധിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും പ്രവർത്തന രീതികൾ, സംഭരിച്ച നെല്ലിന്റെ വില സമയാസമയത്ത് വിതരണം ചെയ്യാതിരിക്കുക തുടങ്ങി കർഷകരെ ദ്രോഹകരമായി ബാധിക്കുന്ന നിരവധി വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എൽഡിഎഫിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് കർഷക ഫെഡറേഷൻ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു ബേബി പാറക്കാടൻ പറഞ്ഞു.
അമ്പലപ്പുഴയിൽ കൂടിയ കർഷക ഫെഡറേഷൻ യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം, ബിനു പാട്ടത്തിൽ നെടുംപുറം, ജേക്കബ് എട്ടുവറയിൽ, രാജൻ മേപ്രാൽ, ജോർജ് തോമസ്, അബൂബക്കർ മാന്നാർ, തോമസ് ജോൺ പുന്നമട, ജോ നെടുമങ്ങാട്, സി. കുരിയൻ വെളിയനാട്, പൗലോസ് അരൂക്കുറ്റി എന്നിവർ പ്രസം ഗിച്ചു.
District News
രാമങ്കരി: രാമങ്കരി: രാമങ്കരി പഞ്ചായത്തിൽ കാർഷിക മേഖലയ് ക്ക് മുനഗണന നല്കിക്കൊണ്ട് 2,13,71,363 രൂപ വരവും 19,5,71,386 രൂപചെലവും 76,52,401 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജിമോൾ അവതരിപ്പിച്ചു.
കാർഷികമേഖലയിൽ വികസനോന്മുഖമായ പ്രവൃത്തികൾക്ക് മുൻഗണന നല്കും. ഹരിതതീരം പോലുള്ള പദ്ധതികളിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. വനിതാസ്വയംസഹായസംഘങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായം നല്കും.
ഭവനനിർമാണമേഖലയ്ക്ക് 1,21,82,600 രൂപയും വകയിരുത്തിയിട്ടുണ്ട്. ഉത്പാദനമേഖലയ്ക്ക് 55,84,000 രൂപയും സേവനമേഖലയ്ക്ക് 28,11,940 രൂപ യും പശ്ചാത്തലമേലയ്ക്ക് 98,33,000 രൂപയും വകയിരുത്തി. പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി അദ്ധ്യക്ഷനായി. രാജേഷ് സോമൻ, നിഷ സരിൻ, സെക്രട്ടറി ഭാമദേവി, മറ്റ് നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
ചെറുപുഴ: കാർഷികരംഗത്തെ തിരിച്ചടി കാരണം ജീവൻ വെടിഞ്ഞ ചെറുപുഴയിലെ മികച്ച കർഷകൻ അമ്പാട്ട് ഏലിയാസിന്റെ കുടുംബത്തിന് ഇനിയും സർക്കാർ സഹായം പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രിക്ക് അപേക്ഷ നല്കുകയും ഏലിയാസിന്റെ മരണം കർഷക ആത്മഹത്യയാണെന്നു കൃഷിവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിട്ടും കുടുംബത്തിനു സഹായം നല്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.
ഏലിയാസിന്റെ വീട് സന്ദർശിച്ച് സർക്കാർ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ നല്കുമെന്ന് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉറപ്പു നല്കിയിരുന്നു. എന്നാൽ, ഏലിയാസിന്റെ കുടുംബത്തെ കരകയറ്റാനാവശ്യമായ ക്രിയാത്മക നടപടികളൊന്നുംതന്നെ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണു കുടുംബം പറയുന്നത്.
ബാങ്കുകളിലും സൊസൈറ്റികളിലുമായി 27 ലക്ഷം രൂപയും വ്യക്തികളിൽനിന്നും മറ്റുമായി വാങ്ങിയ 18 ലക്ഷം രൂപയും ഉൾപ്പെടെ 45 ലക്ഷം രൂപ ആകെ കടമുള്ളതായി വീട്ടുകാർ പറയുന്നു.
പയ്യന്നൂർ പെരുമ്പയിലുള്ള വളം ഡിപ്പോയിൽ മാത്രം രണ്ടര ലക്ഷം രൂപ കൊടുക്കാനുണ്ട്. മരിച്ച കർഷകരുടെ വായ്പകൾ ബാങ്കുകളും സൊസൈറ്റികളും എഴുതിത്തള്ളാറുണ്ട്. അങ്ങനെ ചെയ്താൽ കുടുംബത്തിന്റെ ബാധ്യതകളുടെ ഭാരം കുറയും. എന്നാൽ, വായ്പ എഴുതിത്തള്ളുന്ന കാര്യവും സർക്കാർ തീരുമാനിക്കണം.
കർഷകന്റെ കുടുംബത്തെ സഹായിക്കാൻ ചെറുപുഴ കൃഷിഭവന്റെ നേതൃത്വത്തിൽ ചെറുപുഴയിലെ വി.വി. ബാലകൃഷ്ണൻ കൺവീനറായുള്ള കർഷക കൂട്ടായ്മയിൽ കുടുംബസഹായ നിധി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. 100 രൂപ പ്ലസ് ചലഞ്ച് വഴിയുള്ള പ്രവർത്തനത്തിനു ചെറുപുഴയിലെ കർഷകരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ധാരണയിലായെന്ന പ്രഖ്യാനത്തിനുപിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം.
ഇന്ത്യയെ ബാധിക്കുന്ന കരാറിന്റെ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റാണു നടത്തിയതെന്നും ഇന്ത്യയല്ലെന്നും കുറ്റപ്പെടുത്തിയ കോണ്ഗ്രസ്, അമേരിക്കയ്ക്ക് പൂജ്യം തീരുവയിൽ വിപണി തുറന്നുകൊടുക്കുന്നത് ഇന്ത്യൻ വ്യവസായത്തെയും വ്യാപാരികളെയും കർഷകരെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ചരക്കുകൾക്കുള്ള തീരുവ 18 ശതമാനമാക്കി അമേരിക്ക കുറച്ചെങ്കിലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ പൂജ്യം തീരുവ പ്രദാനം ചെയ്യുന്നതിലൂടെ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകുന്നതിന് കാരണമാകുമെന്നും ഇതു വ്യവസായങ്ങളെയും തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും ബാധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ വിവരങ്ങളനുസരിച്ച് 2025 മേയിൽ സംഭവിച്ചതുപോലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും കീഴടങ്ങിയെന്നു വ്യക്തമാണെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
District News
ആലപ്പുഴ: കേന്ദ്രബജറ്റിൽ ആലപ്പുഴയ്ക്ക് അവഗണന. ജില്ല ദീർഘകാലമായി പ്രതീക്ഷിക്കുന്ന എയിംസ്, റെയിൽവേ വികസനം, കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രധാനമായ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. വികസന കുതിപ്പിനായി കാത്തിരുന്ന തീരദേശ ജില്ലയെ പാടെ മറന്നുകൊണ്ടുള്ള സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കുറേവർഷങ്ങളായി കേരളത്തോടു കാട്ടുന്ന അവഗണനയുടെ ആവർത്തനമായിരുന്നു ഇത്തവണത്തയും കേന്ദ്ര ബജറ്റ്.
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ജില്ലയിൽ ജനകീയ ചർച്ചയായിരുന്നു. എന്നാൽ, പ്രഖ്യാപനങ്ങളുടെ നീണ്ട പട്ടികയിൽ ആലപ്പുഴ ഇടംപിടിച്ചില്ല. പക്ഷിപ്പനിബാധ പതിവാകുന്ന സാഹചര്യത്തിൽ, ജില്ലയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഇതോടെ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾക്കായുള്ള ജില്ലയുടെ കാത്തിരിപ്പും നീളും.
യുഎൻ പൈതൃക പട്ടികയിലുള്ള കുട്ടനാടിന്റെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാത്തത് കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. നെൽകർഷകരുടെ സംരക്ഷണത്തിനോ, പ്രളയപ്രതിരോധത്തിനോ അനുകൂലമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ല.
സാധാരണക്കാരെയും കൃഷിക്കാരെയും പാടെ അവഗണിച്ച ബജറ്റ് ജില്ലയുടെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് നൽകുന്നത്. കുട്ടനാട് രണ്ടാംപാക്കേജിന് സഹായകരമാകുന്ന പദ്ധതികൾ ബജറ്റിലില്ല.
റെയിൽവേ മേഖലയിൽ
സമാനതകളില്ലാത്ത
അവഗണന
റെയിൽവേ മേഖലയിൽ ആലപ്പുഴ നേരിട്ടത് സമാനതകളില്ലാത്ത അവഗണനയാണ്. ശബരി തീർഥാടകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ പാതയെ ഇത്തവണയും തഴഞ്ഞു. ചെങ്ങന്നൂർ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ഹരിപ്പാട് റെയിൽവേ സ്റ്റേഷന്റെ വികസനം ഇതോടെ അടഞ്ഞ അധ്യായമായി. കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന ആവശ്യവും കേന്ദ്രം ചെവിക്കൊണ്ടില്ല.
നിറംമങ്ങി വ്യവസായ
സ്വപ്നങ്ങൾ
ജില്ലയുടെ വ്യവസായ സ്വപ്നങ്ങൾക്കേറ്റ തിരിച്ചടിയാണ് ഓട്ടോകാസ്റ്റിനോടുള്ള അവഗണന. റെയിൽവേയുടെ പ്രധാന യന്ത്രഭാഗങ്ങൾ നിർമിക്കുന്ന ചേർത്തല ഓട്ടോകാസ്റ്റിന്റെ വളർച്ചയ്ക്ക് സഹായകമായ ഇടപെടലുകളുണ്ടായില്ല. പത്തുവർഷമായി അടഞ്ഞുകിടക്കുന്ന കായംകുളം താപവൈദ്യുതി നിലയം പുനരാരംഭിക്കാൻ എൽഎൻജി പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയില്ല.
ചേർത്തല പള്ളിപ്പുറത്തെ മെഗാസീഫുഡ് പാർക്കിനോ, തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിനോ പ്രത്യേക സഹായം ലഭിച്ചില്ല. പെരുമ്പളം അടക്കമുള്ള ദ്വീപുകളുടെ ടൂറിസം സാധ്യതകളെയും ബജറ്റ് സ്പർശിച്ചില്ല. കയർമേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിലുണ്ടായില്ല. തീരദേശ ജില്ലയായ ആലപ്പുഴയുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന പത്തു രൂപയുടെ പദ്ധതി പോലും പ്രഖ്യാപിക്കാതെയാണ് കേന്ദ്ര ബജറ്റ് കടന്നുപോയത്.
National
ന്യൂഡൽഹി: കാർഷിക രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കര്ഷകര്ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും. ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം പ്രഖ്യാപിച്ചു.
നാളികേര കൃഷിക്ക് വേണ്ടിയും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കോക്കനട്ട് പ്രോമോഷൻ സ്കീം ആണ് വരുന്നത്. ഇതിലൂടെ ഒരു കോടിയോളം കര്ഷകര്ക്ക് ഗുണമുണ്ടാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം നൽകും.
ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം. ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്ക്കും.
District News
കാഞ്ഞിരപ്പള്ളി: കാർഷികമേഖലയുടെ പുരോഗതിക്ക് നബാർഡ് സഹായത്തോടെ കുറഞ്ഞ പലിശയ്ക്കു വായ്പകൾ നൽകുന്ന കാർഷികവികസന ബാങ്കുകൾ കാർഷികമേഖലയ്ക്കു മാതൃകയാണെന്നും കർഷകർ വീണ്ടും കാർഷികമേഖലയിലേക്കു തിരികെവരുന്നതിന് കാർഷികവികസന ബാങ്കുകൾ വഹിക്കുന്ന പ ങ്കു വലുതാണെന്നും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരുന്ന കർഷക അവാർഡുകൾ വിതരണം ചെയ്തു. മികച്ച കർഷകരായി റെജി കുര്യാക്കോസ് ആനത്താനം, ജെസിൻ മാത്യു അട്ടക്കുഴിയിൽ, ബാബു ചെറിയാൻ, വിനീത് കൊച്ചുമുറിയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് സാജൻ കുന്നത്ത്, ഭരണസമിതിയംഗങ്ങളായ സണ്ണിക്കുട്ടി അഴകംപ്രയിൽ, ആന്റണി കുര്യാക്കോസ് കിഴക്കേത്തലക്കൽ, പി.സി. ജേക്കബ് പനയ്ക്കൽ, സുമേഷ് ആൻഡ്രൂസ്, ബിജോയ് ജോസ് മുണ്ടുപാലം, അജി ഏബ്രഹാം വെട്ടുകല്ലാംകുഴി, പി.പി. സുകുമാരൻ, കെ.എൻ. ദാമോദരൻ, സെലിൻ സിജോ, ലിസി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി അജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
Business
കാർഷികമേഖല ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഉത്പന്ന വിപണികളെ തളർത്തും. കുരുമുളക് ലഭ്യത ചുരുങ്ങിയതു വിലക്കയറ്റത്തിനു വഴിതെളിച്ചു. പുതിയ ഏലം വിറ്റുമാറാൻ ഉത്പാദകർ മത്സരിച്ചു. മഞ്ഞുവീഴ്ച രൂക്ഷമായതോടെ തേയില ഉത്പാദനം സ്തംഭിച്ചു. നാളികേരോത്പന്നങ്ങൾ രൂക്ഷമായ വിലത്തകർച്ചയിൽ, വെളിച്ചെണ്ണയുടെ വില തകർച്ചയിൽ തമിഴ്നാട്ടിലെ പല മില്ലുകളും സാമ്പത്തിക പ്രതിസന്ധിയിൽ. ജാപ്പനീസ് നാണയത്തിനു വീണ്ടും കാലിടറുന്നു, അവസരം നേട്ടമാക്കാൻ റബറിനാവുമോ?
കുരുമുളക് ലഭ്യതക്കുറവ്
കാർഷികമേഖല ഉത്സവദിനങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നതിനാൽ മുൻനിര ഉത്പന്ന നീക്കം ചുരുങ്ങും. ഓഫ് സീസൺ കാലയളവായതിനാൽ ഉത്പാദന മേഖലകളിൽ കുരുമുളക് ലഭ്യത ചുരുങ്ങി. വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം, അതുകൊണ്ടുതന്നെ സ്റ്റോക്കിന് ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന നിഗമനത്തിലാണു പല വൻകിട കർഷകരും.
ഇതിനിടയിൽ ആവശ്യാനുസരണം മുളക് ലഭിക്കാത്തതിനാൽ നിരക്ക് ഉയർത്തി വില്പനക്കാരെ വിപണിയിലേക്ക് അടുപ്പിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ശ്രമം നടത്തി. എന്നാൽ, ലഭ്യത അവരുടെ കണക്കുകൂട്ടലിനൊത്ത് ഉയർന്നതുമില്ല. വാരാന്ത്യം അൺഗാർബിൾഡ് കുരുമുളക് 69,400 രൂപയിലും ഗാർബിൾഡ് 71,400ലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
വിയറ്റ്നാം നടപ്പു വർഷം 1.6 ബില്യൺ ഡോളറിന്റെ കുരുമുളക് കയറ്റുമതി പ്രതീക്ഷിക്കുന്നതായി വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ പ്രസിഡന്റ് ഹോങ് തീ ലിയൻ. പ്രതിസന്ധികൾക്കിടയിൽ ഈ വർഷം അവർ ആഗോള വ്യാപാരത്തിൽ ശക്തമായ മുന്നേറ്റമാണു കാഴ്ചവച്ചത്. ഉയർന്ന വില ഉറപ്പ് വരുത്താനായത് വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ ഉത്പാദകരെ പ്രേരിപ്പിക്കും. വിയറ്റ്നാമിൽ കുരുമുളക് വില കിലോഗ്രാമിന് ഒന്നര ലക്ഷം ഡോങ് വരെ കയറി.
ഏലക്കയിൽ ആശ്വാസം
ഏലക്ക ലേലകേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് വില്പനയ്ക്ക് എത്തുന്നു. പല ദിവസങ്ങളിലും രണ്ട് ലേലം വീതം നടന്നു. ഈ അവസരത്തിലും വില്പനയ്ക്ക് ഇറങ്ങിയ ചരക്കിൽ ഏറിയ പങ്കും പൂർണമായി വിറ്റഴിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക വാങ്ങാൻ മത്സരിച്ചത് ശരാശരി ഇനങ്ങളെ കിലോയ്ക്ക് 2400 രൂപയ്ക്ക് മുകളിൽ നിലനിർത്തി. ക്രിസ്മസ് വേളയായതിനാൽ കൂടുതൽ ആകർഷകമായ വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല.
തേയിലയ്ക്കു ഭീഷണിയായി അതിശൈത്യം
ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത് നുള്ള് സ്തംഭിച്ചു. ഇടുക്കി ജില്ലയിൽ ഏറ്റവും താഴ്ന്ന താപനിലയിലാണ്. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിലേക്ക് താഴ്ന്നത് തേയില ഉത്പാദന മേഖലയ്ക്കു കനത്ത സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും. ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം മൂന്നു മാസമായി കുറവാണ്. ഒക്ടോബറിലും നവംബറിലും ഉത്പാദനം ചുരുങ്ങി, തണുപ്പ് കനത്ത സാഹചര്യത്തിൽ ഡിസംബറിലും ഉത്പാദനം ചുരുങ്ങുമെന്നാണ് തോട്ടം മേഖലയിൽനിന്നുള്ള സൂചന. വിദേശത്തുനിന്നും തേയിലയ്ക്ക് ശക്തമായ ഡിമാൻഡ് തുടരുന്നത് ഉയർന്ന വിലയ്ക്ക് വഴിയൊരുക്കി. ഇലത്തേയിലകൾ കിലോ രണ്ട് മുതൽ അഞ്ച് രൂപ വരെ കയറിയപ്പോൾ പൊടിത്തേയിലകൾക്ക് എട്ട് രൂപ വരെ വർധിച്ചു.
വിലയിടിഞ്ഞ് നാളികേരോത്പന്നങ്ങൾ
നാളികേരോത്പന്നങ്ങൾക്ക് കനത്ത വിലത്തകർച്ച. തമിഴ്നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണത്തിൽനിന്നു പിൻവലിഞ്ഞ് സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ കാണിച്ച തിടുക്കം വിപണിയെ പിടിച്ചുലച്ചു. ക്രിസ്മസ് വേളയിൽ എണ്ണയ്ക്ക് ഉയർന്ന വില ഉറപ്പുവരുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു വാരാരംഭം മുതൽ മില്ലുകാർ. എന്നാൽ, കേരളത്തിൽനിന്നും പ്രതീക്ഷയ്ക്കൊത്ത് ഡിമാൻഡ് ഉയരുന്നില്ലെന്നു വ്യക്തമായതോടെ വിലയിടിച്ചു ചരക്കു വിറ്റുമാറാനുള്ള അവസാന തന്ത്രം അവർ പ്രയോഗിച്ചു. കാങ്കയത്ത് വെളിച്ചെണ്ണ 25,350 രൂപയിൽ നിന്നും 23,000ലേക്ക് ഇടിഞ്ഞു. കൊപ്രയ്ക്ക് 2100 രൂപ കുറഞ്ഞ് 16,200 യായി.
അയൽ സംസ്ഥാനത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ കൊച്ചി വിപണിയെയും പിടിച്ചുലച്ചു. വാരാന്ത്യം വെളിച്ചെണ്ണ 31,900 രൂപയായും കൊപ്ര 19,100 രൂപയായും ഇടിഞ്ഞു. പുതുവർഷം പിറക്കുന്നതോടെ വിപണി കൂടുതൽ സമ്മർദത്തിൽ അകപ്പെടുമോയെന്ന ആശങ്കയിലാണു നാളികേര കർഷകർ.
റബറിനു തിരിച്ചടിതന്നെ
ഏഷ്യൻ ടയർ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും അകന്നത് റബറിനു തിരിച്ചടിയായി. ജപ്പാൻ പലിശ നിരക്ക് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലേക്ക് എത്തിച്ചത് ഒസാക്ക എക്സ്ചേഞ്ചിൽ നിന്നും വിദേശ നിക്ഷേപകരെ അകറ്റി. യെൻ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തൽ റബറിന്റെ ആകർഷണം കുറച്ചു. ഇതോടെ ഷീറ്റ് വില 333 യെന്നിൽനിന്നും 328ലേക്ക് ഇടിഞ്ഞു.
പലിശനിരക്കിൽ അവർ മാറ്റം വരുത്തിയെങ്കിലും നാണയത്തെ ബാധിച്ച തളർച്ച വിട്ടുമാറിയില്ല. യെന്നിന്റെ മൂല്യം 154ൽനിന്നും 157ലേക്ക് ഇടിഞ്ഞതു വിദേശ നിക്ഷേപകരെ ആകർഷിക്കും. എന്നാൽ, ഉത്സവ ദിനങ്ങളായതിനാൽ അവർ വിപണിയിൽ താത്പര്യം കാണിക്കുമെന്ന കാര്യത്തിൽ ഉറപ്പുവരുത്താനാവില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 18,300 രൂപയിലും അഞ്ചാം ഗ്രേഡ് 18,000 രൂപയിലുമാണ്.
NRI
അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും മികച്ച പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ "അൽ ഇമറാത്ത് അവ്വൽ' ആരംഭിച്ചു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ അൽ ഇമറാത്ത് അവ്വലിന് ഔദ്യോഗിക തുടക്കമായി.
ദാബി ഹോൾഡിംഗ് കമ്പനി പിജെഎസ്സിയുടെ ബോർഡ് ഡയറക്ടറും ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ റെസ്ലിംഗ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷെയ്ഖ് ഹംദാൻ ബിൻ സയീദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, വ്യവസായ - നൂതന സാങ്കേതിക മന്ത്രാലയം അണ്ടർസെക്രട്ടറി ഹസൻ ജാസിം അൽ നൊവൈസ്, ഒമർ സുവൈന അൽ സുവൈദി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി രാജ്യത്തിന്റെ പ്രാദേശിക വികസനത്തിന് പിന്തുണയേകുന്നതാണ് പദ്ധതി. അൽ ഇമറാത്ത് അവ്വലിന്റെ ഭാഗമായി പ്രാദേശിക ഉത്പന്നങ്ങളുടെയും കാർഷിക വിളകളുടെയും വിപുലമായ പ്രദർശനമാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്. യുഎഇ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സ്വയംപര്യാപ്തയ്ക്കും പിന്തുണ നൽകുകയാണ് അൽ ഇമറാത്ത് അവ്വൽ എന്ന് ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കും. യുഎഇയിലെ കർഷകർക്ക് മികച്ച പിന്തുണയാണ് ലുലു നൽകി വരുന്നതെന്നും അദേഹം കൂട്ടിചേർത്തു.
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ കൂടുതൽ സംഭരിക്കുന്നതിന്റെ ഭാഗമായി സിലാലുമായും മുസ്തദാമ ഫാമുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ സിലാൽ ഫുഡ് സെക്യൂരിറ്റി സിഇഒ ഹുമൈദ് അഹമ്മദ് അൽ റുമൈതി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി എന്നിവർ സിലാലുമായുള്ള ധാരണാപത്രവും മുസ്തദാമ ഫാംസ് സിഇഒ റാഷെദ് അൽസാബി ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ. സലിം എന്നിവർ മുസ്തദാമ ഫാംസുമായുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചു.
ചടങ്ങിൽ യുഎഇയിലെ കർഷകരെ പ്രത്യേകം ആദരിച്ചു. സ്പേസസ് ഇൻവെസ്റ്റ്മെന്റ് ചെയർമാൻ ഫാഹെദ് അൽബ്ലൂഷി, എക്സ്പോണൻഷ്യൽ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ സയീദ് അൽസാബി, ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലിം, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
District News
വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.
പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.
ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.